
അമേരിക്കൻ പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും ട്രാവിസ് കെൽസിൻ്റെയും വിവാഹവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ വിവാഹാഘോഷത്തിന് പിന്നാലെ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ബിൽബോർഡിൽ ആദ്യം JUST&T Married... എന്ന സന്ദേശമാണ് പ്രദർശിപ്പിച്ചത്.
എന്നാൽ അധികം വൈകാതെ അതേ ബിൽബോർഡിൻ്റെ ചിത്രത്തിൽ മാറ്റം വരുത്തിയ പതിപ്പ് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. അതിൽ 'Trump Is Your President' എന്ന സന്ദേശം ഉൾപ്പെടുത്തിയിരുന്നു. "It Happened" എന്ന തലക്കെട്ടോടെയായിരുന്നു ഈ പോസ്റ്റ്.
ഇതിനൊപ്പം, ടെയ്‌ലർ സ്വിഫ്റ്റിൻ്റെ പ്രശസ്തമായ 'Eras Tour' ആൽബത്തിൻ്റെ ശൈലിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ചിത്രവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചു. അമേരിക്കയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾക്കൊപ്പം മുഷ്ടി ചുരുട്ടി നിൽക്കുന്ന തന്റെ ചിത്രമായിരുന്നു അത്.
2024-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ടെയ്‌ലർ സ്വിഫ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപും സ്വിഫ്റ്റും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പുതിയ പോസ്റ്റുകളും ആ ഏറ്റുമുട്ടലിൻ്റെ തുടർച്ചയായാണ് സമൂഹമാധ്യമങ്ങളിൽ വിലയിരുത്തപ്പെടുന്നത്.










